സ്വതന്ത്ര്യദിനം: പതിനായിരത്തിലേറെ പൊലീസുകാര്‍; അഞ്ച് ഇടങ്ങളില്‍ അണ്ടര്‍ വെഹിക്കിള്‍ സര്‍വൈലന്‍സ് സിസ്റ്റം
ന്യൂഡല്‍ഹി: സ്വതന്ത്ര ഇന്ത്യയുടെ 79-മത് സ്വാതന്ത്ര്യദിനാഘോഷങ്ങളോടനുബന്ധിച്ച് ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി. പതിനായിരത്തിലധികം പൊലീസുകാരെയും 3000 ട്രാഫിക് പൊലീസുകാരെയും വിന്യസിച്ചു. കുടാതെ അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളും ഉപയോഗിക്കുന്നുണ്ട്. പ്രധാനമന്ത്രി ദേശീയപതാക ഉയര്‍ത്തുന്ന ചെങ്കോട്ടയിലും പരിസരത്തും കനത്ത സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സിസിടിവി ക്യാമറകള്‍, ഡ്രോണ്‍ ഡിറ്റക്ഷന്‍ സിസ്റ്റങ്ങള്‍, ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ ടെക്‌നോളജി എന്നിവ ഉപയോഗിച്ച് പ്രദേശം നിരീക്ഷിക്കും. ആദ്യമായി, അഞ്ച് പാര്‍ക്കിങ് സ്ഥലങ്ങളില്‍ അണ്ടര്‍ വെഹിക്കിള്‍ സര്‍വൈലന്‍സ് സിസ്റ്റം സ്ഥാപിച്ചു. വാഹനങ്ങളുടെ അടിഭാഗം സ്‌കാന്‍ ചെയ്ത് സ്‌ഫോടകവസ്തുക്കളോ ആയുധങ്ങളോ കണ്ടെത്താന്‍ ഈ സംവിധാനം സഹായിക്കും. പതിനായിരത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെയും 3,000 ട്രാഫിക് പൊലീസുകാരെയും കൂടാതെ അര്‍ദ്ധസൈനിക വിഭാഗങ്ങളെയും കമാന്‍ഡോകളെയും സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ വിന്യസിക്കും. രഹസ്യാന്വേഷണ ഏജന്‍സികളുടെ സഹായത്തോടെ സുരക്ഷാ പരിശോധനകള്‍, ബാരിക്കേഡുകള്‍, തിരിച്ചറിയല്‍ പരിശോധനകള്‍ എന്നിവ നടത്തും. ഓഗസ്റ്റ് 2 മുതല്‍ ഓഗസ്റ്റ് 16 വരെ ഡ്രോണുകള്‍, പാരാഗ്ലൈഡറുകള്‍, ഹോട്ട് എയര്‍ ബലൂണുകള്‍ എന്നിവയുടെ ഉപയോഗം ഡല്‍ഹിയില്‍ നിരോധിച്ചിട്ടുണ്ട്. മാര്‍ക്കറ്റുകള്‍, മെട്രോ സ്റ്റേഷനുകള്‍, ബസ് ടെര്‍മിനലുകള്‍, മറ്റ് തിരക്കേറിയ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ പൊലീസ് പട്രോളിംഗ് നടത്തും. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സുരക്ഷാ ക്രമീകരണങ്ങള്‍ നേരിട്ട് വിലയിരുത്തും. ഓഗസ്റ്റ് 14-ന് രാത്രി 10 മണി മുതല്‍ വാണിജ്യ വാഹനങ്ങള്‍ക്ക് ഡല്‍ഹിയിലേക്ക് പ്രവേശനമുണ്ടായിരിക്കില്ല. റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍, അന്തര്‍സംസ്ഥാന ബസ് ടെര്‍മിനലുകള്‍, മെട്രോ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലും സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. യാത്രക്കാരുടെയും ബാഗേജുകളുടെയും തിരിച്ചറിയല്‍ രേഖകളുടെയും പരിശോധന 24 മണിക്കൂറും ഉണ്ടാകും.